ദൈവം സംസാരിച്ചു
1876 ൽ, കണ്ടുപിടുത്തക്കാരനായ അലക്സാണ്ടർ ഗ്രഹാം ബെൽ, ടെലിഫോണിലൂടെ ആദ്യത്തെ വാക്കുകൾ സംസാരിച്ചു. അദ്ദേഹം തന്റെ സഹായിയായ തോമസ് വാട്സണെ വിളിച്ചു, “വാട്സൺ, ഇവിടെ വരൂ. എനിക്ക് താങ്കളെ കാണണം.” വിറയലോടെയും വിദൂരമായും, എന്നാൽ മനസ്സിലാക്കാവുന്ന നിലയിലും, ബെൽ പറഞ്ഞത് വാട്സൺ കേട്ടു. ഒരു ടെലിഫോൺ ലൈനിലൂടെ ബെൽ സംസാരിച്ച ആദ്യ വാക്കുകൾ, മനുഷ്യ ആശയവിനിമയത്തിൽ ഒരു പുതിയ ദിവസം ഉദയം ചെയ്തതായി തെളിയിച്ചു.
“പാഴും ശൂന്യവുമായ” ഭൂമിയിലേക്ക് (ഉല്പത്തി 1:2) ആദ്യ ദിവസത്തിന്റെ പ്രഭാതത്തെ സ്ഥാപിച്ചുകൊണ്ട്, ദൈവം തന്റെ ആദ്യ വാക്കുകൾ സംസാരിച്ചു: “വെളിച്ചം ഉണ്ടാകട്ടെ” (വാ. 3). ഈ വാക്കുകൾ സൃഷ്ടിപ്പിൻ ശക്തി നിറഞ്ഞതായിരുന്നു. അവൻ സംസാരിച്ചു, അവൻ പ്രഖ്യാപിച്ചത് നിലവിൽ വന്നു (സങ്കീർത്തനം 33:6, 9). ദൈവം പറഞ്ഞു, “വെളിച്ചം ഉണ്ടാകട്ടെ.” അങ്ങനെ സംഭവിച്ചു. ഇരുട്ടും അരാജകത്വവും വെളിച്ചത്തിന്റെയും ക്രമത്തിന്റെയും പ്രകാശത്തിനു വഴിമാറിയപ്പോൾ അവിടുത്തെ വാക്കുകൾ ഉടനടി വിജയം നേടി. ഇരുട്ടിന്റെ ആധിപത്യത്തോടുള്ള ദൈവത്തിന്റെ ഉത്തരം വെളിച്ചമായിരുന്നു. അവിടുന്നു വെളിച്ചത്തെ സൃഷ്ടിച്ചപ്പോൾ അത് “നല്ലത് ” എന്ന് അവിടുന്നു കണ്ടു (ഉല്പത്തി 1:4).
ദൈവത്തിന്റെ ആദ്യ വാക്കുകൾ, യേശുവിലുള്ള വിശ്വാസികളുടെ ജീവിതത്തിൽ ശക്തമായി തുടരുന്നു. ഓരോ പുതിയ ദിവസവും ഉദിക്കുമ്പോൾ, ദൈവം തന്റെ വാക്കുകൾ നമ്മുടെ ജീവിതത്തിൽ പുനഃസ്ഥാപിക്കുന്നതുപോലെയാണത്. അന്ധകാരം - അക്ഷരാർത്ഥത്തിലും ആലങ്കാരികമായും - അവിടുത്തെ പ്രകാശത്തിന്റെ തതേജസ്സിനു് വഴിമാറുമ്പോൾ, നമുക്ക് അവനെ സ്തുതിക്കുകയും, അവൻ നമ്മെ വിളിച്ചിരിക്കുന്നുവെന്നും നമ്മെ യഥാർത്ഥമായി കാണുന്നുവെന്നും അംഗീകരിക്കുകയും ചെയ്യാം.
ഉള്ളിൽ വസിക്കുന്ന ക്രിസ്തു
ഇംഗ്ലീഷ് പ്രസംഗകനായ എഫ്.ബി. മേയർ (1847-1929) “ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിന്റെ ആഴത്തിലുള്ള തത്വചിന്ത” എന്നു താൻ വിളിച്ചതിനെ ചിത്രീകരിക്കാൻ ഒരു മുട്ടയുടെ ഉദാഹരണം ഉപയോഗിച്ചു. ബീജസങ്കലനം നടന്ന മഞ്ഞക്കരു ഒരു ചെറിയ “ഭ്രൂണം” വഹിക്കുന്നുവെന്നും, അത് തോടിനുള്ളിൽ ഒരു കോഴിക്കുഞ്ഞായി രൂപപ്പെടുന്നതുവരെ ഓരോ ദിവസവും കൂടുതൽ കൂടുതൽ വളരുന്നതായും അദ്ദേഹം പറഞ്ഞു. അതുപോലെ യേശുവും തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ട് നമ്മുടെയുള്ളിൽ ജീവിക്കാനായി വരുന്നു. മേയർ പറഞ്ഞു, “ഇപ്പോൾ മുതൽ ക്രിസ്തു വളരുകയും വർദ്ധിക്കുകയും മറ്റെല്ലാം തന്നിലേക്ക് ആഗിരണം ചെയ്യുകയും ചെയ്തുകൊണ്ട് നിങ്ങളിൽ രൂപം കൊള്ളുന്നു.”
പരിശുദ്ധാത്മാവിലൂടെ വിശ്വാസികളിൽ വസിക്കുന്ന ക്രിസ്തുവിന്റെ അത്ഭുതകരമായ യാഥാർത്ഥ്യം തന്റെ വാക്കുകൾക്ക് പൂർണ്ണമായി വിനിമയം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിക്കൊണ്ട്, യേശുവിന്റെ സത്യങ്ങൾ അപൂർണ്ണമായി പ്രസ്താവിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തി. എന്നിരുന്നാലും, “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും” (യോഹന്നാൻ 14: 20) എന്ന് യേശു പറഞ്ഞപ്പോൾ അർത്ഥമാക്കിയത്, എത്ര അപൂർണ്ണമായിട്ടാണെങ്കിലും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന് അദ്ദേഹം തന്റെ ശ്രോതാക്കളെ നിർബന്ധിച്ചു. തന്റെ സ്നേഹിതരോടൊത്ത് അവസാനത്തെ അത്താഴത്തിന്റെ രാത്രിയിലാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. അവനും അവന്റെ പിതാവും വന്ന് തന്നെ അനുസരിക്കുന്നവരുടെയുള്ളിൽ വസിക്കുമെന്ന് അവർ അറിയണമെന്ന് അവൻ ആഗ്രഹിച്ചു (വാ. 23). ഇത് സാധ്യമാണ്, കാരണം ആത്മാവിലൂടെ യേശു തന്നിൽ വിശ്വസിക്കുന്നവരിൽ വസിക്കുന്നു, അവരെ ഉള്ളിൽ നിന്ന് രൂപാന്തരപ്പെടുത്തന്നു.
നിങ്ങൾ എങ്ങനെ ചിത്രീകരിച്ചാലും, ക്രിസ്തു നമ്മുടെ ഉള്ളിൽ ജീവിക്കുന്നു, നമ്മെ നയിക്കുകയും അവനെപ്പോലെ വളരാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
ജീവന്റെ ലക്ഷണങ്ങൾ
എന്റെ മകൾക്ക് ഒരു ജോഡി വളർത്തു ഞണ്ടുകളെ സമ്മാനമായി ലഭിച്ചപ്പോൾ, അവൾ ഒരു ഗ്ലാസ് ടാങ്കിൽ മണൽ നിറച്ച് അവയെ നിക്ഷേപിച്ചു. അവയ്ക്കു വെള്ളവും ഭക്ഷിക്കാൻ പ്രോട്ടീനും പച്ചക്കറി അവശിഷ്ടങ്ങളും അവൾ ഇട്ടുകൊടുത്തു. അവ സന്തുഷ്ടരാണെന്നു തോന്നി, എങ്കിലും ഒരു ദിവസം അവയെ കാണാതായപ്പോൾ ഞങ്ങൾ ഞെട്ടി. ഞങ്ങൾ എല്ലായിടത്തും തിരഞ്ഞു. അവസാനം, അവ മണലിനടിയിലാണെന്നു ഞങ്ങൾ മനസ്സിലാക്കി. അവ പുറംതോടുകൾ ഉരിച്ചുകളയുന്ന സമയത്ത് ഏകദേശം രണ്ടു മാസത്തോളം അവിടെത്തന്നെ ആയിരിക്കും.
രണ്ടു മാസം കഴിഞ്ഞു, പിന്നെയും ഒരു മാസം കൂടി കടന്നുപോയി, അവ ചത്തു കാണും എന്നോർത്ത് ഞാൻ വിഷമിക്കാൻ തുടങ്ങി. കൂടുതൽ സമയം കടന്നുപോകുന്തോറും ഞാൻ കൂടുതൽ അക്ഷമയായി. ഒടുവിൽ, ജീവന്റെ ലക്ഷണങ്ങൾ ഞങ്ങൾ കണ്ടു, ഞണ്ടുകൾ മണലിൽ നിന്നു പുറത്തുവന്നു.
ബാബിലോണിൽ പ്രവാസികളായി ജീവിക്കുമ്പോൾ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രവചനം നിവൃത്തിയാകുമോ എന്ന് യിസ്രായേൽ സംശയിച്ചിരുന്നോ എന്നു ഞാൻ അത്ഭുതപ്പെടുന്നു. അവർക്ക് നിരാശ തോന്നിയോ? അവർ എന്നെന്നേക്കും അവിടെത്തന്നെ കഴിയേണ്ടിവരുമോയെന്ന് അവർ ആശങ്കപ്പെട്ടിരുന്നോ? യിരെമ്യാവിലൂടെ ദൈവം അരുളിച്ചെയ്തു: “ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു [യെരൂശലേമിലേക്കു] മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കും” (യിരെമ്യാവ് 29:10). തീർച്ചയായും, എഴുപതു വർഷങ്ങൾക്കുശേഷം, യെഹൂദന്മാർക്കു തിരികെപ്പോകാനും യെരൂശലേമിലെ അവരുടെ ദൈവാലയം പുനർനിർമ്മിക്കാനും പാർസി രാജാവായ കോരെശിലൂടെ ദൈവം അനുവദിച്ചു (എസ്രാ 1:1-4).
ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നുന്ന കാത്തിരിപ്പിന്റെ കാലത്ത്, ദൈവം നമ്മെ മറന്നിട്ടില്ല. ക്ഷമ വളർത്തിയെടുക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, അവൻ പ്രത്യാശ നൽകുന്നവനും വാഗ്ദത്തം പാലിക്കുന്നവനും ഭാവിയെ നിയന്ത്രിക്കുന്നവനുമാണെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും.
ആൺകുഞ്ഞ്
ഒരു വർഷത്തിലേറെ, അവന്റെ നിയമപരമായ പേര് “ആൺകുഞ്ഞ് ” എന്നായിരുന്നു. അവന്റെ കരച്ചിൽ കേട്ട ഒരു സെക്യൂരിറ്റി ഗാർഡ് ആണ് ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അവനെ കണ്ടെത്തിയത് - പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള അവനെ ഒരു ബാഗിനുള്ളിൽ കിടത്തിയിരിക്കുകയായിരുന്നു.
അവനെ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ, സോഷ്യൽ സർവീസസ്, ഒരു ദിവസം അവന്റെ എക്കാലത്തെയും കുടുംബമായി മാറാനിരുന്ന ആളുകളെ വിളിച്ചു. ദമ്പതികൾ അവനെ ഏറ്റെടുക്കുകയും ഗ്രേസൺ (യഥാർത്ഥ പേരല്ല) എന്നു വിളിക്കുകയും ചെയ്തു. ഒടുവിൽ, ദത്തെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഗ്രേസന്റെ പേര് ഔദ്യോഗികമായി മാറി. ഇന്ന് നിങ്ങളോട് ആത്മാർത്ഥമായി സംഭാഷണത്തിൽ ഏർപ്പെടുന്ന സന്തോഷവാനായ ഒരു കുട്ടിയെ കാണാൻ കഴിയും. ഒരിക്കൽ ഒരു ബാഗിൽ ഉപേക്ഷിച്ച നിലയിൽ അവനെ കണ്ടെത്തിയതാണെന്ന് നിങ്ങൾ ഒരിക്കലും ഊഹിക്കുകയില്ല.
തന്റെ ജീവിതത്തിന്റെ അവസാനത്തിൽ, മോശെ ദൈവത്തിന്റെ സ്വഭാവവും അവൻ യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും അവലോകനം ചെയ്തു. “നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു” മോശ അവരോടു പറഞ്ഞു (ആവർത്തനം 10:15). ഈ സ്നേഹത്തിന് വിശാലമായ വ്യാപ്തി ഉണ്ടായിരുന്നു. “അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന് അന്നവും വസ്ത്രവും നല്കുന്നു” എന്നു മോശ പറഞ്ഞു (വാ. 18). “അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം” (വാ. 21).
അത് ദത്തെടുക്കലിലൂടെയോ അല്ലെങ്കിൽ കേവലം സ്നേഹത്തിലൂടെയോ സേവനത്തിലൂടെയോ ആകട്ടെ, ദൈവസ്നേഹം പ്രതിഫലിപ്പിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധിക്കപ്പെടാതെയും അവകാശവാദം ഉന്നയിക്കപ്പെടാതെയും പോയേക്കാവുന്ന ഒരാൾക്ക് തന്റെ സ്നേഹം നീട്ടാൻ ദൈവം ഉപയോഗിച്ച കൈകളും കാലുകളായി ആ സ്നേഹ ദമ്പതികൾ മാറി. നമുക്കും അവന്റെ കൈകളും കാലുകളും ആയി സേവനം ചെയ്യാം.
നീ ഇപ്പോഴും എന്നെ സ്നേഹിക്കുമോ?
പത്തുവയസ്സുള്ള ലിൻ-ലിൻ ഒടുവിൽ ദത്തെടുക്കപ്പെട്ടു, പക്ഷേ അവൾ ഭയചകിതയായിരുന്നു. അവൾ വളർന്ന അനാഥാലയത്തിൽ, ചെറിയ തെറ്റിന് അവൾ ശിക്ഷിക്കപ്പെട്ടു. എന്റെ സുഹൃത്തായിരുന്ന അവളുടെ വളർത്തമ്മയോട് ലിൻ-ലിൻ ചോദിച്ചു: “അമ്മേ, നിങ്ങളെന്നെ സ്നേഹിക്കുന്നോ?” സ്നേഹിക്കുന്നു എന്ന് എന്റെ സുഹൃത്ത് മറുപടി നൽകിയപ്പോൾ, ലിൻലിൻ ചോദിച്ചു, “ഞാൻ ഒരു തെറ്റ് ചെയ്താൽ, നിങ്ങൾ അപ്പോഴും എന്നെ സ്നേഹിക്കുമോ?”
പറയാതെയാണെങ്കിലും, ദൈവത്തെ നിരാശപ്പെടുത്തിയെന്ന് തോന്നുമ്പോൾ നമ്മിൽ ചിലർ ഇതേ ചോദ്യം ചോദിച്ചേക്കാം: “നീ എന്നെ ഇനിയും സ്നേഹിക്കുമോ?” നാം ഈ ലോകത്തിൽ ജീവിക്കുന്നിടത്തോളം കാലം നാം പരാജയപ്പെടുകയും ചിലപ്പോൾ പാപം ചെയ്യുകയും ചെയ്യുമെന്ന് നമുക്കറിയാം. എന്റെ തെറ്റുകൾ എന്നോടുള്ള ദൈവത്തിന്റെ സ്നേഹത്തെ ബാധിക്കുമോ? എന്നു നാം ആശ്ചര്യപ്പെടുന്നു.
ദൈവസ്നേഹത്തെക്കുറിച്ച് യോഹന്നാൻ 3:16 നമുക്ക് ഉറപ്പുനൽകുന്നു. അവൻ തന്റെ പുത്രനായ യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ നൽകി, അങ്ങനെ നാം അവനിൽ വിശ്വസിക്കുന്നുവെങ്കിൽ നമുക്ക് നിത്യജീവൻ ലഭിക്കും. എന്നാൽ അവനിൽ വിശ്വാസം അർപ്പിച്ചതിനു ശേഷവും നാം അവനെ പരാജയപ്പെടുത്തിയാലോ? അപ്പോഴാണ് നാം പാപികളായിരിക്കുമ്പോൾ തന്നേ “ക്രിസ്തു നമുക്കുവേണ്ടി മരിച്ചു” എന്നു നാം ഓർക്കേണ്ടത് (റോമർ 5:8). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ അവനു നമ്മെ സ്നേഹിക്കാൻ കഴിയുമെങ്കിൽ, ഇന്ന് നാം അവന്റെ മക്കളായിരിക്കുമ്പോൾ അവന്റെ സ്നേഹത്തെ എങ്ങനെ സംശയിക്കും?
നാം പാപം ചെയ്യുമ്പോൾ, നമ്മുടെ പിതാവ് നമ്മെ സ്നേഹപൂർവം തിരുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അത് നിരസിക്കലല്ല (8:1); അതാണ് സ്നേഹം (എബ്രായർ 12:6). നമ്മോടുള്ള അവന്റെ സ്നേഹം സ്ഥിരവും ശാശ്വതവുമാണെന്ന അനുഗൃഹീതമായ ഉറപ്പിൽ വിശ്രമിച്ചുകൊണ്ട് നമുക്ക് ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി ജീവിക്കാം.